ആലപ്പുഴ: ന്യൂനപക്ഷമായതിന്റെ പേരിൽ വളരെയേറെ അപകടങ്ങൾ നേരിടുന്ന ഒരു സമൂഹമാണ് ക്രൈസ്തവ സമൂഹമെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി എത്തയ്ക്കാട്ട് പറഞ്ഞു.
ക്രൈസ്തവസമൂഹങ്ങൾ എന്നും അവകാശങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകുമെന്നും സർ സിപിയുടെ കാലത്ത് സ്കൂളുകൾ ഏറ്റെടുക്കാൻ നടത്തിയ ശ്രമവും മുണ്ടശേരിയുടെ കാലത്ത് സർക്കാർ നടത്തിയ ശ്രമവും 1972ലെ കോളജ് സമരവും അതിനുശേഷം നടത്തിയ സ്വാശ്രയ സമരവും ഒന്നും സർക്കാർ മറക്കരുതെന്നും വികാരി ജനറാൾ ഓർമിപ്പിച്ചു. ആലപ്പുഴയിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ അവകാശ സംരക്ഷണ ജാഥയ്ക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണഘടന മതേതരത്വം ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ചില വർഗീയ ശക്തികൾ നിറഞ്ഞാടുമ്പോൾ രാഷ്ട്രീയപാർട്ടികൾ നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ജാഥാ ക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, അതിരൂപത ഡയറക്ടർ ഫാ. സാവിയോ മന്നാട്ട് , അതിരൂപതാ ജനറൽ സെക്രട്ടറി ബിജു ഡൊമിനിക്, മുഹമ്മ ഫൊറോന വികാരി ഫാ ആന്റണി കാട്ടൂപ്പാറ, ആലപ്പുഴ ഫൊറോന ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തി, ദേവസ്യ പുളിക്കാശേരി, സെബാസ്റ്റ്യൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു
സ്വീകരണ പരിപാടിക്ക് ഫെറോന ജനറൽ ജനറൽ സെക്രട്ടറി ഷാജി പോൾ ഉപ്പൂട്ടിൽ, അതിരൂപത എക്സിക്യൂട്ടീവ് അംഗമായ ടോമിച്ചൻ മേത്തശേരി, ബേബി പാറക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.